
ഇന്ത്യൻ സൈനിക ആക്രമണം ആസന്നമാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യാ - പാക് ബന്ധം കൂടുതൽ വഷളാകുന്നതിനിടെയാണ് ഖ്വാജ മുഹമ്മദ് ആസിഫിന്റെ പ്രതികരണം. "ഇന്ത്യൻ ആക്രമണം ആസന്നമായതിനാൽ ഞങ്ങൾ ഞങ്ങളുടെ സേനയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, ആ സാഹചര്യത്തിൽ ചില തന്ത്രപരമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്, അതിനാൽ ആ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്." -വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് ആസിഫ് പറഞ്ഞു.
ഇന്ത്യൻ ആക്രമണ സാധ്യതയെക്കുറിച്ച് പാകിസ്ഥാൻ സൈന്യം സർക്കാരിനെ അറിയിച്ചിരുന്നുവെന്നും പാക് പ്രതിരോധ വെളിപ്പെടുത്തി. എന്നാൽ ഈ വിലയിരുത്തലിലേക്ക് നയിച്ച രഹസ്യാന്വേഷണ വിവരങ്ങളോ സംഭവവികാസങ്ങളോ എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. "പാകിസ്ഥാൻ അതീവ ജാഗ്രതയിലാണ്. നമ്മുടെ നിലനിൽപ്പിന് നേരിട്ട് ഭീഷണിയുണ്ടെങ്കിൽ മാത്രമേ ആണവായുധ ശേഖരം ഉപയോഗിക്കൂ," ആസിഫ് കൂട്ടിച്ചേർത്തു.
ഏപ്രിൽ 22 ന്, പഹൽഗാമിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. ലഷ്കർ-ഇ-തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാൻ നയതന്ത്ര ബന്ധം പ്രതിസന്ധിയിലാകുകയായിരുന്നു.











